മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ് ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വധശ്രമം, ഏറ്റുമുട്ടൽ, വെടിവെപ്പ്, കഞ്ചാവ്, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൊർക്കാടി കല്ലാജയിൽ വീട് വാടകക്കെടുത്ത് ഗുണ്ടാസംഘം താമസിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാടകീയ നീക്കങ്ങളിലൂടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഒരാൾ രക്ഷപെട്ടു. തുടർന്ന് പരിശോധന ശക്തമാക്കിയ പോലീസ് പ്രതികളുടെ വീടുകളിൽ ഉൾപ്പടെ റെയ്ഡ് നടത്തി.
പോലീസിന്റെ നടപടി ഗുണ്ടാ സംഘത്തെ പ്രകോപിപ്പിച്ചു. കഴിഞ്ഞ ദിവസം ഉപ്പള ഹിദായത്ത് നഗറിൽ പട്ടാപ്പകൽ ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരുമായി ഗുണ്ടകൾ ഏറ്റുമുട്ടുകയും ചെയ്തു. കേരള-കർണാടക പോലീസിന്റെ സംയുക്ത നീക്കമാണ് ഗുണ്ടാ സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിലസുന്ന ഗുണ്ടാ മാഫിയാ, മയക്കുമരുന്ന് സംഘത്തെ ശക്തമായി അടിച്ചമർത്തുമെന്ന് ഡിവൈഎസ്പി പിപി സദാനന്ദൻ പറഞ്ഞു.
Also Read: ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ






































