ടെൽ അവീവ്: ഗാസയിൽ അമാസിനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 200-ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ആക്രമണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടിട്ടില്ല.
ജനുവരി 19ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്റെ നടപടി. വെടിനിർത്തൽ നിലവിൽ വന്ന ശേഷം ഗാസയിൽ സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മധ്യ ഗാസയിലെ ദെയ്‌റ അൽ-ബാലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ജനുവരിയിൽ യുഎസിന്റെ മധ്യസ്‌ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്‌ക്ക് പിന്നാലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതേ തുടർന്ന് ഇസ്രയേലും ഹമാസും തമ്മിൽ ആദ്യഘത്തിൽ ബന്ദികളെ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം.
അതേസമയം, വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദ്ദേശം ഹമാസ് നിരസിച്ചതിനെ തുടർന്നാണ് ഗാസയിൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ആറാഴ്‌ച നീണ്ടുനിന്ന ആദ്യഘട്ട വെടിനിർത്തലിന് ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാംഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇസ്രയേലും ഹമാസും മധ്യസ്‌ഥ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ