കുവൈത്ത് സിറ്റി: ഏകീകൃത ജിസിസി വിസ അടുത്ത മാസം മുതൽ നിലവിൽ വരും. ഒറ്റ വിസയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൺസ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് ജിസിസി അംഗീകാരം നൽകി. അടുത്തമാസം മുതൽ യുഎഇയും ബഹ്‌റൈനും തമ്മിൽ പരീക്ഷണാടിസ്‌ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
കുവൈത്തിൽ നടന്ന 42ആംമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണം വിജയിച്ചാൽ വൈകാതെ മറ്റു ജിസിസി അംഗരാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
നടപടി ക്രമം ഇങ്ങനെ
ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പൗരൻമാർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ഒരൊറ്റ ചെക്ക്പോസ്‌റ്റിൽ പാസ്‌പോർട്ട് പരിശോധിക്കും. സുരക്ഷാ സ്‍ക്രീനിങ്ങും ഇവിടെ പൂർത്തിയാക്കും. ഇത് യാത്രയ്‌ക്കിടയിൽ പരിശോധനകൾക്ക് വേണ്ടിയുള്ള സമയം കുറയ്‌ക്കും.
നിലവിലുള്ളത് പോലെ ഓരോ രാജ്യങ്ങളുടെയും ചെക്ക്‌പോസ്‌റ്റിൽ പരിശോധന നടത്തുന്ന രീതി ഒഴിവാക്കും. യാത്രയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ട്രാക്ക് ചെയ്യാനും രാജ്യങ്ങൾക്കിടയിൽ പരസ്‌പരം പങ്കുവെക്കാനുമായി ഏകീകൃത ഇലക്‌ട്രോണിക് പ്ളാറ്റ്‌ഫോം രൂപീകരിക്കും.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകൃത ടൂറിസ്‌റ്റ്- വിസാ പദ്ധതിയായ ജിസിസി ഗ്രാൻഡ് ടൂർസ് വിസയും ഈവർഷം മുതൽ നടപ്പാക്കും. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ടൂറിസ്‌റ്റുകൾക്ക് ഇതുവഴി സാധിക്കും.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































