ന്യൂഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിലുണ്ടായ ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദാരിദ്ര്യ നിരക്ക് 35-40 ശതമാനത്തോട് അടുത്തു നിൽക്കുന്ന രാജ്യത്ത് ജിഡിപി നിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത് കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയും സമ്പദ് വ്യവസ്ഥയും കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായും ചിദംബരം ആരോപിച്ചു.
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനമാണ് ഇടിഞ്ഞത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷൻ മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മഹാമാരി രാജ്യത്തുടനീളമുള്ള ബിസിനസുകളെയും ഉൽപാദനത്തെയും ബാധിച്ചതാണ് ജിഡിപി ഇടിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈറസ് പ്രതിസന്ധി മറികടക്കാൻ സർക്കാർ മുന്നോട്ടുവച്ച പാക്കേജുകളൊന്നും ഗുണകരമായില്ല എന്നാണ് വിലയിരുത്തൽ.
ജനുവരി മുതൽ മാർച്ച് വരെ 3.1 ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത്. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ സാമ്പത്തിക വളർച്ചയാണിത്.







































