ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച്ച നടത്തും. വൈകിട്ട് അഞ്ചു മണിക്കാണ് കൂടിക്കാഴ്‌ച്ച. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പാർലമെന്റ് ബഹിഷ്‌കരിച്ച് ഒരു ദിവസത്തിനു ശേഷമാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാഷ്‍ട്രപതിയെ കാണാൻ എത്തുന്നത്.
നേരത്തെ, രാജ്യസഭയിലെ പ്രശ്‌നപരിഹാരത്തിന് ഗുലാം നബി ആസാദ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സ്വകാര്യ മേഖലയെ നിയന്ത്രിക്കാൻ പുതിയ ബിൽ വേണം, എല്ലാ വിളകൾക്കും സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം എന്നിവയായിരുന്നു നിർദ്ദേശങ്ങൾ. പുറത്താക്കിയ എംപിമാരെ തിരച്ചെടുക്കണമെന്നും ഗുലാബ് നബി ആസാദ് ആവശ്യപ്പെട്ടിരുന്നു.
കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ് പാർലമെന്റ്. സഭാ നടപടികൾ കോടിക്കണക്കിന് ആളുകൾ കാണുകയാണ്. ഒരു ബില്ല് പോലും സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലോ സെലക്ട് കമ്മിറ്റിയിലോ പോകുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബില്ലുകളിൽ മേൽ ചർച്ച നടത്താതെ അത് പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ അംഗങ്ങൾ കൊണ്ട് വന്ന ഭേദഗതികൾ വോട്ടിനിടണമായിരുന്നു, എന്നാൽ അത് ഉണ്ടായില്ല. രാജ്യസഭാ പ്രതിപക്ഷ നേതാവിന് നേരത്തെ സംസാരിക്കാൻ അവസരമുണ്ടായിരുന്നു ഇപ്പോൾ ആ അവസരവും ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കാർഷിക ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യസഭക്കു പിന്നാലെ ലോക്‌സഭയും ഇന്നലെ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. കാർഷിക പരിഷ്‌കരണ ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യം സർക്കാർ നിരസിച്ചതിനു പിന്നാലെയാണ് ലോക്‌സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. കാർഷിക ബിൽ ബിൻവലിക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ തയ്യാറായാൽ സഭ തുടരുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
Related News: കാര്‍ഷിക ബില്‍; കേരളം സുപ്രീം കോടതിയിലേക്ക്
എന്നാൽ, ലോക്‌സഭയിൽ അഞ്ചുമണിക്കൂർ ചർച്ച നടത്തിയതിനു ശേഷമാണ് ബിൽ രാജ്യസഭയിലേക്ക് പോയതെന്നും രാജ്യസഭയിലെ വിഷയങ്ങൾ കോർത്തിണക്കി ലോക്‌സഭയിൽ വിഷയം ഉന്നയിക്കാൻ സാധിക്കില്ലെന്നുമുള്ള നിലപാട് സ്‌പീക്കർ ഓം ബിർള സ്വീകരിച്ചു. ഇതിനെത്തുടർന്നാണ് സഭാസമ്മേളനം ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
Related News: ഹരിവംശ് സിംഗ് ഉപവാസം അവസാനിപ്പിച്ചു