മലപ്പുറം: ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു. കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ബാലചന്ദ്രന്റെ വീടിനകത്തേക്ക് അതിക്രമിച്ചെത്തിയ പ്രതി വിനീഷ് ദൃശ്യയെ ആഞ്ഞ് കുത്തുകയായിരുന്നു. ദൃശ്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. ഈ സമയം ഇവരുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും ശുചിമുറിയിലായിരുന്നു. ഇവർ പുറത്തിറങ്ങി വന്നപ്പോഴേക്കും പ്രതി രക്ഷപെട്ടിരുന്നു.
പിന്നാലെ പെരിന്തൽമണ്ണ പോലീസ് പ്രതിയെ കീഴ്പ്പെടുത്തുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ പെരിന്തൽമണ്ണ നഗരത്തിലെ കട കത്തി നശിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് തീ അണക്കാനായത്. അതിനാൽ, കൊലപാതകം നടക്കുന്ന സമയം ബാലചന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നില്ല.
കടയ്ക്ക് തീയിട്ടത് വിനീഷ് തന്നെയാണെന്നും പറയപ്പെടുന്നു. വീട്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഇയാൾ കട തീയിട്ട് നശിപ്പിച്ചതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഒരു ഓട്ടോയിൽ കയറി വിനീഷ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർ നേരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
Also Read: കെപിസിസി ആസ്ഥാനത്തെ കോവിഡ് മാനദണ്ഡ ലംഘനം; വീഴ്ച സമ്മതിച്ച് പ്രതിപക്ഷ നേതാവ്








































