കോഴിക്കോട്: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ സ്‌ഥാനമേൽക്കൽ ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു എന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്ന് വിഡി സതീശൻ പറഞ്ഞു. ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ ആളുകളുടെ ആവേശത്താൽ അതിന് സാധിച്ചില്ല. കോവിഡ് മാനദണ്ഡം ലംഘിച്ചാൽ കേസെടുക്കുന്നതിന് എതിരല്ല, എന്നാൽ ഏകപക്ഷീയമായി കേസെടുക്കരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡണ്ടിന്റെ സ്‌ഥാനാരോഹണ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിന് പോലീസ് കേസെടുത്തിരുന്നു. മ്യൂസിയം പോലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും ആളെണ്ണം കൂടുതലായിരുന്നെന്നും പോലീസ് പറഞ്ഞു.
സംസ്‌ഥാനത്തെ പുതിയ കെപിസിസി അധ്യക്ഷനായി ഇന്നലെ ഉച്ചയോടെയാണ് കെ സുധാകരൻ ചുമതലയേറ്റത്. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ വെച്ചായിരുന്നു ചടങ്ങ്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Read also: സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ് ഇന്ന് നോട്ടീസ് നൽകും