കൊച്ചി: ഓണക്കാലവും വിവാഹ സീസണും പടിവാതിക്കൽ എത്തിനിൽക്കേ, സ്വർണപ്രേമികളെ നിരാശയിലാക്കി സ്വർണവില കുതിച്ചുയരുന്നു. സംസ്‌ഥാനത്ത് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6670 രൂപയായി. പവന് 53,360 രൂപയും.
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ബജറ്റിന് ശേഷം ഒറ്റദിവസം ഇത്ര വിലവർധനയും ആദ്യം. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മാത്രം പവന് 2560 രൂപയും ഗ്രാമിന് 360 രൂപയും ഉയർന്നു ഉയർന്നു. ഇറക്കുമതി തീരുവ കുറച്ച ശേഷവും വില വൻതോതിൽ കൂടുന്നത് ഉപയോക്‌താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കനംകുറഞ്ഞതും കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് വൻതോതിൽ മുന്നേറ്റം നടത്തി. ഗ്രാമിന് 90 രൂപ ഉയർന്ന് 5,515 രൂപയായി. 22 കാരറ്റിനെ അപേക്ഷിച്ചു വില കുറവായതിനാൽ സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഉപയോക്‌താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് കേരളത്തിൽ നിന്ന് ലഭിച്ചിരുന്നു.
Most Read| നടി രഞ്‌ജിനിയുടെ ഹരജി; ഹേമ കമ്മിറ്റി റിപ്പോർട് ഇന്ന് പുറത്തുവിടില്ല