കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സന്ദീപ് നായര്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും കോടതി പരിഗണിച്ചേക്കും.
കേസില്‍ മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് സന്ദീപ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് രഹസ്യമൊഴി കോടതിക്ക് മുന്‍പാകെ നല്‍കിയത്. മൊഴിപകര്‍പ്പ് എന്‍ഐഎക്ക് കൈമാറും. സന്ദീപിന്റെ മൊഴിയുടെ പകര്‍പ്പ് ലഭിക്കുന്നതിനായി കേസില്‍ അന്വേഷണം നടത്തുന്ന കസ്‌റ്റംസും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും.
രഹസ്യ മൊഴി നല്‍കിയതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി സന്ദീപ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കസ്‌റ്റംസ് കോടതിക്ക് കൈമാറിയ രഹസ്യ സ്വഭാവമുള്ള മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും.
മുദ്ര വെച്ച കവറില്‍ കൈമാറിയ മൊഴിയുടെ പകര്‍പ്പ് പ്രതിക്ക് കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് കസ്‌റ്റംസ് നിലപാട്. പല ഉന്നത വ്യക്‌തികളെക്കുറിച്ചും മൊഴിയില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചനകള്‍. സെഷന്‍സ് കോടതിയില്‍ സമാന ആവശ്യം ഉന്നയിച്ച് സ്വപ്‌ന സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
Read Also: പ്രളയത്തില്‍ നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും സ്വപ്‌നക്ക് കമ്മീഷന്‍