കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സൂര്യപ്രകാശ് വി. രാജുവാണ് ഹാജരായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ഇദ്ദേഹം ഹാജരായത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സംസ്‌ഥാനങ്ങളിലെ കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ നേരിട്ട് ഹാജരാവുന്നത് അപൂര്‍വ്വമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മുഖ്യപ്രതി സ്വപ്‍ന സുരേഷിന് ജാമ്യം ലഭിച്ചാല്‍ എന്‍ ഐ എ കോടതിയിലും സമാന വിധി വന്നേക്കുമെന്നതിന്റെ അടിസ്‌ഥാനത്തിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ തന്നെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയത് എന്നാണ് സൂചന.
സി ബി ഐ, എന്‍ ഐ എ, കസ്‌റ്റംസ്, ഇ ഡി എന്നിവര്‍ക്ക് പ്രത്യേക അഭിഭാഷകര്‍ ഉള്ള സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് കോടതിയിലെത്തിയത്.
Read also:പാലത്തായി പീഡനക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി