ലോകമെമ്പാടും നിരവധി ആരാധകരുള്ള സംവിധായകനാണ് ക്രിസ്‌റ്റഫര്‍ നോളന്‍. വാണിജ്യ സിനിമകളും കലാ മൂല്യമുള്ള സിനിമകളും ഒരുപോലെ നിര്‍മ്മിക്കാന്‍ കഴിവുള്ള നോളന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അങ്ങ് ഹോളിവുഡില്‍ നിന്നും എത്തിയിരിക്കുന്നത്.
ക്രിസ്‌റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ‘ടെനറ്റി’ന്റെ ഇന്ത്യന്‍ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്‌ഥിരീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഡിസംബര്‍ നാലിന് ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിലെ നടി ഡിംപിള്‍ കപാടിയ പുറത്തു വിട്ടു.
The wait is over! Dimple Kapadia announces the release date of #TENET in India. pic.twitter.com/QHv9qgRmJa
— Warner Bros. India (@warnerbrosindia) November 22, 2020
ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ആക്ഷന്‍ സ്വീക്വന്‍സുകളും ട്വിസ്‌റ്റുകളും നിറഞ്ഞതായിരിക്കും എന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.
Read Also: പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന; പര്യവേക്ഷണ വാഹനം ചൊവ്വാഴ്‌ച പുറപ്പെടും
ചിത്രം അന്തരാഷ്‌ട്ര തലത്തില്‍ റിലീസ് ചെയ്‌ത് 13 ആഴ്‌ചകള്‍ പിന്നിടുമ്പോഴാണ് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നത്. നേരത്തെ 2020 നവംബറില്‍ ‘ടെനറ്റ്’ ഇന്ത്യയില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും കോവിഡിന്റെ പശ്‌ചാത്തലത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്കിന്റെ ഭാഗമായി രാജ്യത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. 50 ശതമാനം സീറ്റുകള്‍ ലഭ്യമാക്കിക്കൊണ്ട് തിയറ്ററുകള്‍ തുറക്കാനാണ് അനുമതി. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ ടെനറ്റ് റിലീസിനൊരുങ്ങുന്നത്. എന്നിരുന്നാലും ചില സംസ്‌ഥാനങ്ങള്‍ തിയറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പ് തുടരുകയാണ്.
അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നോളന് ഏറെ ആരാധകര്‍ ഉണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് തിയറ്റര്‍ ഉടമകള്‍ ആശങ്കപ്പെടുന്നത്.
Kerala News: പോലീസ് നിയമ ഭേദഗതി; ആശങ്കകൾ പരിശോധിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് എകെ ബാലൻ