കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പൂവാട്ടുപറമ്പിൽ തട്ടുകട നടത്തുന്ന അബൂബക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് തട്ടുകടയിൽ വന്ന രണ്ടുപേർ അബൂബക്കറിനെ പിറകിൽ നിന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചത്. യുവാവിന്റ തലക്കും കാലിനും പുറത്തും പരിക്കേറ്റിട്ടുണ്ട്.
ആക്രമണം തടയുന്നതിനിടെ അബൂബക്കറിന്റെ പിതാവിനും പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്‌ച കടയുടെ മുന്നിൽവെച്ചു കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിനാലാണ് ആക്രമണമുണ്ടായതെന്ന് അബൂബക്കർ പറഞ്ഞു. അതേസമയം, അക്രമികൾക്കെതിരെ നടപടി എടുക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആക്രമണം രണ്ട് ദിവസം കഴിഞ്ഞാണ് ഗുണ്ടാ സംഘം ഉപേക്ഷിച്ചുപോയ ആയുധങ്ങൾ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്‌ച വൈകിട്ട് അബൂബക്കറിന്റെ കടയിൽ ഇരിക്കുകയായിരുന്ന ബന്ധുവിന് നേരെയും ആക്രമണം ഉണ്ടായതായും പരാതി ഉണ്ട്. അതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കിയിരുന്നു. അതിനുശേഷമാണ് ചൊവ്വാഴ്‌ച രാത്രിയിലെ ആക്രമണമെന്ന് നാട്ടുകാർ പറഞ്ഞു.
Most Read: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം





































