ന്യൂഡെൽഹി: അശ്ളീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ളേപ്രോ, ഡിജിമൂവി പ്ളക്സ്, ഫീൽ, ജുഗ്നു എന്നീ പ്ളാറ്റ്ഫോമുകളെയാണ് നിരോധിച്ചത്.
അശ്ളീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞവർഷം ജൂലൈയിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ളാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകാം.
ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരെയാണ് നടപടി എടുത്തത്. ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷൻ 79 (3) (ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.
Most Read| പിഎസ്സി; അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി, 40 വയസാക്കി





































