അമൃത്‌സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും അതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ഒക്‌ടോബര്‍ 14ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചണ്ഡിഗഢില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രമേയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്‌തിരുന്നു.
സംസ്‌ഥാനത്തെ കാര്‍ഷിക-സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുന്ന, കര്‍ഷകരെ നശിപ്പിക്കുന്ന കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കാന്‍ സംസ്‌ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അതിനായ് പ്രത്യേക അസംബ്‌ളി കൂടുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. സെപ്റ്റംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ആരംഭിച്ച സമരം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയും ചെയ്‌തിരുന്നു.
Read also: ആത്മാഭിമാനം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ രാജി വച്ച് പോകണം; ശരത് പവാര്‍