തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്തിൽ നിന്ന് കിട്ടുന്ന പണം നിരോധിത സംഘടനകൾക്ക് ലഭിക്കുന്നുവെന്ന് പോലീസിന്റെ വെബ്സൈറ്റിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സംസ്‌ഥാനത്തിന്റെ ഭരണത്തലവനായ എന്നെ എന്തുകൊണ്ട് മുഖ്യമന്ത്രി അറിയിക്കുന്നില്ലെന്നും ഗവർണർ ചോദിച്ചു.
വിമാനത്താവളങ്ങളിൽ സ്വർണം പിടിക്കേണ്ടത് കസ്‌റ്റംസിന്റെ ചുമതലയാണ്. എന്നാൽ, അവരെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണത്തിൽ നിന്നുള്ള പണം നിരോധിക്കപ്പെട്ട സംഘടനകൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ തടയേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നും ഗവർണർ ചോദിച്ചു. എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയാമെന്ന കടുത്ത മുന്നറിയിപ്പും ഗവർണർ നൽകി.
പിആർ വിവാദത്തിൽ മുഖ്യമന്ത്രിയെ വിശ്വസിക്കണോ ഹിന്ദു പത്രത്തെ വിശ്വസിക്കണോ എന്ന് ഗവർണർ ചോദിച്ചു. താൻ പറയാത്ത കാര്യമാണ് അച്ചടിച്ച് വന്നതെങ്കിൽ എന്തുകൊണ്ട് പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല. പിആർ ഏജൻസിയുടെ രണ്ടു പ്രതിനിധികൾ സമയത്ത് മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നെന്ന് പത്രം പറയുന്നു.
പിആർ ഏജൻസിയാണ് അഭിമുഖത്തിന് വേണ്ടി സമീപിച്ചതെന്നും ഹിന്ദു പത്രം പറയുന്നു. ആരെ വിശ്വസിക്കും. എന്ത് വിശ്വാസ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കള്ളം പറയുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. ഗവർണറെ വിവരങ്ങൾ അറിയിക്കാനുള്ള ഭരണഘടനാപരമായ ചുമതല മുഖ്യമന്ത്രിക്ക് ഉണ്ട്. മറുപടി നൽകാൻ 28 ദിവസമാണ് മുഖ്യമന്ത്രി എടുത്തതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഗവർണർ കഴിഞ്ഞദിവസം അയച്ച കത്തിലെ പരാമർശങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിന് പിന്നാലെയാണ് ഗവർണർ മാദ്ധ്യമങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിച്ചത്. താൻ ചോദിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ വൈകുന്നത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ ചൊവ്വാഴ്‌ച അയച്ച കത്തിൽ പറഞ്ഞിരുന്നു.
തനിക്കെന്തെങ്കിലും മറച്ചുവെക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അടിസ്‌ഥാന രഹിതമായ ഇത്തരം ആരോപണം ഉന്നയിക്കുന്നതിൽ ശക്‌തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ദേശദ്രോഹ പ്രവർത്തനങ്ങളെപ്പറ്റി താൻ ഒരുതരത്തിലുള്ള പൊതു പ്രസ്‌താവനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Most Read| മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു