തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ചേർത്തല എസ്‌പിയായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ശ്രീലേഖ, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്‌പിയായിരുന്നു.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയാണ് ആർ ശ്രീലേഖ. വിജിലൻസ്, ക്രൈം ബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഫയർഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് രണ്ടുവർഷം മുൻപ് സർവീസിൽ നിന്ന് വിരമിച്ചത്.
സർവീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്‌ളോഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് രാഷ്‌ട്രീയ പ്രവേശനമെന്ന വാർത്തയും പുറത്തുവരുന്നത്. അതേസമയം, എഡിജിപി ആർഎസ്എസ് കൂടിക്കാഴ്‌ച വലിയ വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ രാഷ്‌ട്രീയ പ്രവേശനം വലിയ ചർച്ചയാകും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!