എൽപിജിയുമായി ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്; ഉടൻ ഹോർമുസ് കടക്കും

46,655 മെട്രിക് എൽപിജിയുമായി വരുന്ന ഈ കപ്പൽ, ഏപ്രിൽ ആറിന് മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By Senior Reporter, Malabar News
cargo-ship
Rep. Image: Tawatchai07 | Freepik
Ajwa Travels

മുംബൈ: പ്രതിസന്ധിക്കിടെ ആശ്വാസമായി പാചകവാതകവും വഹിച്ചുള്ള ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്. മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന ‘ഗ്രീൻ സാൻവി’ എന്ന കപ്പൽ ശനിയാഴ്‌ച പുലർച്ചെ ഹോർമുസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം. 46,655 മെട്രിക് എൽപിജിയുമായി വരുന്ന ഈ കപ്പൽ, ഏപ്രിൽ ആറിന് മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നത്. അതേസമയം, മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കപ്പലിന്റെ സഞ്ചാരം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഗ്രീൻ സാൻവി നിലവിൽ കടലിടുക്കിന്റെ വടക്ക് ഭാഗത്താണുള്ളതെന്നാണ് വിവരം.

ഇതിന് പുറമെ ഗ്രീൻ ആശ, ജഗ് വിക്രം എന്നീ രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ അനുമതി കാത്ത് കിടക്കുകയാണ്. ഇവ സുരക്ഷിതമായി കടത്തിവിടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാവികസേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു.

ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്‌ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്നാണ് അറിയിപ്പ്.

കഴിഞ്ഞ ആഴ്‌ച ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ യഥാക്രമം കാണ്ട്ല, മംഗലാപുരം തുറമുഖങ്ങളിൽ ഇന്ധനം എത്തിച്ചിരുന്നു. ബിഡബ്‌ള്യൂ ടിവൈആർ എന്ന കപ്പൽ മുംബൈ തീരത്ത് ഇന്ധനം ഇറക്കിക്കൊണ്ടിയിരിക്കുകയാണ്. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 17 ഇന്ത്യൻ കപ്പലുകൾ ഉണ്ടെന്നാണ് കണക്ക്.

ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദബ് കടലിടുക്ക്?

ഹോർമുസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാന പാതയായ ബാബ് അൽ മന്ദബ് ജലപാതയിലും ഉപരോധം ഏർപ്പെടുത്താനുള്ള നീക്കവുമായി ഇറാൻ. ഇറാന്റെ അധികാര പരിധിയിലുള്ള ബാബ് അൽ മന്ദബ് കടലിടുക്ക് ഇറാൻ ഉടൻ തന്നെ അടയ്‌ക്കുമെന്നാണ് റിപ്പോർട്.

ഇറാനിയൻ പാർലമെന്റ് സ്‌പീക്കറാണ് ബാബ് അൽ മന്ദബ് കടലിടുക്ക് ഇറാൻ ലക്ഷ്യമിടുന്നതായി അറിയിച്ചത്. ആഫ്രിക്കയ്‌ക്കും യെമനും ഇടയിലുള്ള കടലിടുക്കാണ് ബാബ് അൽ മന്ദബ്. ഹോർമുസ് കടലിടുക്ക് പോലെ വളരെ തന്ത്രപ്രധാനമായ കടലിടുക്കാണ് ഇതും. ആഗോള എണ്ണവിതരണത്തിന്റെ 12 ശതമാനവും ബാബ് അൽ മന്ദബ് ജലപാതയെ ആശ്രയിച്ചാണ് നടക്കുന്നത്.

കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയാൽ ചെങ്കടലിലെ ചരക്ക് നീക്കത്തെയും കാര്യമായി ബാധിക്കും. ബാബ് അൽ മന്ദബ് വഴി ഹൂതികൾ യുദ്ധത്തിൽ ഏർപ്പെട്ടത് ചെങ്കടലിലെ ചരക്കുനീക്കത്തെ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ ഇറാന്റെ പുതിയ നീക്കം. ഹോർമുസ് വിഷയത്തിൽ അമേരിക്ക ഇതിനകം പല ഭീഷണികളും നടത്തിയിട്ടും ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഈ സാഹചര്യത്തിലാണ് ബാബ് അൽ മന്ദബ് കൂടി അടയ്‌ക്കാൻ ഇറാൻ ശ്രമിക്കുന്നത്.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE