പാരീസ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുന്ന സാഹചര്യത്തിൽ പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിൽ നിന്നും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്‌തു. യുക്രൈനിൽ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് പ്രതിമ നീക്കം ചെയ്‌തിരിക്കുന്നത്. ലോകത്തെ വിവിധ മേഖലകളിൽ സംഭാവന ചെയ്‌ത ബഹുമാന്യരായ വ്യക്‌തികളുടെ മെഴുക് പ്രതിമകളാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിൽ ഉള്ളത്. എന്നാൽ അക്കൂട്ടത്തിൽ ഇനിമുതൽ പുടിന്റെ പ്രതിമയ്‌ക്ക് സ്‌ഥാനമുണ്ടാകില്ലെന്നും മ്യൂസിയം ഡയറക്‌ടർ വ്യക്‌തമാക്കി.
ഹിറ്റ്‌ലറെ പോലെയുള്ള ഏകാധിപതിയുടെ പ്രതിമ മ്യൂസിയത്തിൽ ഇതുവരെ സ്‌ഥാനം പിടിച്ചിരുന്നില്ലെന്നും, അതിനാൽ തന്നെ പുടിന്റെ പ്രതിമ നിലനിർത്താൻ തങ്ങൾ ഇനി ആഗ്രഹിക്കുന്നില്ലെന്നും മ്യൂസിയം ഡയറക്‌ടർ കൂട്ടിച്ചേർത്തു. മ്യൂസിയത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിലവിൽ നടക്കുന്ന സംഭവങ്ങളെ തുടർന്ന് ഒരു പ്രതിമ പിൻവലിക്കുന്നത്.
2000ത്തിലാണ് പുടിന്റെ പ്രതിമ മ്യൂസിയത്തിൽ നിർമിച്ചത്. മ്യൂസിയത്തിൽ നിന്നും മാറ്റിയ പ്രതിമ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വെയർഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്. റഷ്യ യുക്രൈനിൽ ആക്രമണം നടത്തിയതിന് പിന്നാലെ മ്യൂസിയത്തിൽ പുടിന്റെ പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. നിലവിലെ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ കേടുപാടുകൾ തീർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മ്യൂസിയം ഡയറക്‌ടർ വ്യക്‌തമാക്കി.
Read also: ലൈറ്റിട്ടതിൽ പ്രകോപിതനായി; മലബാർ എക്‌സ്‌പ്രസിൽ ടിടിഇക്ക് യാത്രക്കാരന്റെ മർദ്ദനം







































