കോഴിക്കോട്: കോൺഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജീവനക്കാരനായ മണ്ഡലം പ്രസിഡണ്ടിനെ ബാങ്കിൽ നിന്ന് പിരിച്ചു വിട്ടതോടെ ഭരണ സമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ബാങ്ക് ചെയർമാൻ ജിഎസ് പ്രസാദ് കുമാറിനെ ബാങ്കിൽ നിന്ന് പുറത്താക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
ഡിസിസി നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം പ്രവർത്തകർ. 2019ലെ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് പുതിയ സംഭവം. തുടർച്ചയായി രണ്ട് ടേമിൽ കൂടുതൽ ഭരണസമിതിയിൽ ഉള്ളവർ മാറിനിൽക്കണമെന്ന് ചേവായൂർ ബാങ്കിന്റെ പരിധിയിലുള്ള മെഡിക്കൽ കോളേജ്, ചേവായൂർ, കോട്ടൂളി, കോവൂർ എന്നീ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു.
സഹകരണ ബാങ്ക് ഭരണസമിതികളിൽ വർഷങ്ങളായി നേതാക്കൾ തുടരുന്നതിനെതിരെ നടപടി എടുത്ത കെപിസിസി നിലപാടിനൊപ്പം നേതാക്കൾ സമാന്തര പാനലുണ്ടാക്കി മൽസരിച്ചു. പക്ഷെ നിലവിലെ അധ്യക്ഷൻ ജിഎസ് പ്രശാന്ത് കുമാർ തന്നെ ജയിച്ചു. പാർട്ടി നിലപാടിനൊപ്പം നിന്ന നേതാക്കൾക്ക് ഡിസിസി കാരണം കാണിക്കൽ നോട്ടീസും നൽകി. ഏറ്റവുമൊടുവിൽ ബാങ്കിലെ അക്കൗണ്ടന്റ് കൂടിയായ ചേവായൂർ മണ്ഡലം പ്രസിഡണ്ട് ഉല്ലാസ് കുമാറിനെ പിരിച്ചുവിട്ടു.
മേലുദ്യോഗസ്‌ഥനോട് കയർത്തു സംസാരിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ, പ്രതികാര നടപടിയാണെന്നും ഇത്തരം കീഴ്‌വഴക്കം കേട്ടുകേൾവി പോലുമില്ലെന്നും ഒരു വിഭാഗം ജീവനക്കാർ പറയുന്നു. പ്രശ്‌നത്തിൽ ഇടപെടാൻ മടിക്കുന്ന ഡിസിസിക്കെതിരെ ഒരു വിഭാഗം നേതാക്കൾ കഴിഞ്ഞ ദിവസം കൺവെൻഷൻ ചേർന്ന് പ്രമേയം അവതരിപ്പിച്ചു. ഡിസിസിക്കും ബാങ്കിനും മുന്നിൽ സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.
Most Read: ഒമൈക്രോൺ; അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി







































