ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് 17-കാരനായ ഗുകേഷ്. ഒമ്പത് പോയിന്റുകൾ സ്വന്തമാക്കിയാണ് ടൂർണമെന്റിൽ ഗുകേഷ് അഭിമാന നേട്ടം കൈവരിച്ചത്.
ഇന്ന് പുലർച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോൾ ഗുകേഷിന് എതിരാളികളേക്കാൾ അര പോയിന്റ് ലീഡ് ഉണ്ടായിരുന്നു. ടൊറന്റോയിൽ നടന്ന അവസാന റൗണ്ട് മൽസരത്തിൽ എതിരാളി ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള മൽസരമാണ് കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പ്.
നിലവിലെ ലോക ചാംപ്യനൊഴികെ പ്രധാനപ്പെട്ട മറ്റെല്ലാ ചെസ് താരങ്ങളും മൽസരിക്കുന്ന ടൂർണമെന്റിൽ വിജയിയാകുന്ന വ്യക്തിയാണ് ചാംപ്യനുമായി മൽസരിക്കുക. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാൾസണും ഗാരി കാസ്പറോവും ലോക ചാംപ്യൻമാരാകുമ്പോൾ ഇരുവർക്കും 22 വയസായിരുന്നു. ചരിത്രനേട്ടത്തിൽ ഗുകേഷിനെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് എക്സിൽ കുറിച്ചു.
Most Read| 65 വയസ് കഴിഞ്ഞവർക്കും ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം