ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയുടെ കേരളത്തിലാണെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 49.85 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ആണെന്നും, രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതലുള്ള 18 ജില്ലകളിൽ 10 എണ്ണവും കേരളത്തിൽ ആണെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ തുടരുന്നത് കേരളത്തിൽ മാത്രമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിൽ തുടരുന്ന രാജ്യത്തെ 44 എണ്ണത്തിൽ 10 എണ്ണവും കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ വിദഗ്ധ സംഘം കേരളം സന്ദർശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ആർടിപിസിആർ പരിശോധന ഉയർത്തണമെന്നാണ് വിദഗ്ധ സംഘം ആവശ്യപ്പെടുന്നത്.
രോഗവ്യാപനം കുറക്കുന്നതിനായി കണ്ടെയ്ൻമെന്റ് സംവിധാനം മെച്ചപ്പെടുത്തണമെന്നും, വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് നിലവിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. ആകെ നടത്തുന്ന പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും മാത്രം നോക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉള്‍ക്കൊണ്ടാണ് സർക്കാർ മാറ്റത്തിന് തയ്യാറെടുക്കുന്നത്.
Read also : ചിരാഗും തേജസ്വിയും ഒരുമിക്കണം; ബിഹാറിൽ ലാലുവിന്റെ പുതിയ നീക്കം







































