ഗാസ: ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ഹമാസ് ദീർഘകാല അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്. ശത്രു സൈന്യത്തെ വെടിനിർത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങൾ ഒരുക്കിയതായി ഹമാസിന്റെ ഉന്നത നേതാക്കളെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഇതിന്റെ ഭാഗമായി കൂടിയ അളവിൽ ആയുധങ്ങളും മിസൈലുകളും ആരോഗ്യ സംവിധാനങ്ങളും ഹമാസ് ശേഖരിച്ചുവെന്നാണ് വിവരം. അതേസമയം, ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തെ തുടർന്ന് ഉടലെടുത്ത പുതിയ പശ്ചിമേഷ്യൻ സംഘർഷത്തിൽ, ഗാസയെ ലക്ഷ്യമിട്ടു വലിയ ആക്രമണമാണ് ഇസ്രയേലും തുടരുന്നത്.
ഇസ്രയേൽ കഴിഞ്ഞ ദിവസം ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെയടക്കം വ്യോമാക്രമണം നടത്തിയിരുന്നു. അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണത്തെ ലോകം ഒന്നടങ്കം അപലപിച്ചിരുന്നു. ഗാസയിലെ തുരങ്കങ്ങൾ തങ്ങളുടെ അർബൻ ഗറില്ല യുദ്ധ തന്ത്രത്തിന് സഹായകരമാകുന്നുവെന്നാണ് ഹമാസിന്റെ വിലയിരുത്തൽ.
മാസങ്ങൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേൽ സൈന്യത്തെ കീഴടക്കാമെന്നാണ് ഹമാസ് കരുതുന്നത്. ഗാസ മുനമ്പിൽ നൂറുകണക്കിന് കിലോമീറ്ററുകളിൽ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഭൂഗർഭ തുരങ്കങ്ങളും ഇപ്പോഴും ഗാസയുടെ ഭാഗങ്ങളിൽ സുസജ്ജരായി പോരാടുന്ന 40,000ത്തോളം വരുന്ന അംഗങ്ങളുമാണ് ഈ പ്രതിരോധത്തിൽ ഹമാസിന്റെ ആണിക്കല്ല്.
ഗാസ നഗരത്തിൽ വ്യാപിച്ചു കിടക്കുന്ന ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിന് ഹമാസിന്റെ മറുപടി. തുരങ്കങ്ങളിൽ നിന്ന് സ്ഫോടക വസ്തുക്കൾ എറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴിബോംബ് കൊണ്ട് കെണിയൊരുക്കിയും ഇസ്രയേൽ സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്.
തുരങ്കങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തെത്തി ഇസ്രയേൽ ടാങ്കുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന ഹമാസ് സായുധസംഘം, അതിന് ശേഷം ഞൊടിയിടയിൽ തുരങ്കങ്ങളിലേക്ക് ഉൾവലിയുകയാണ് ചെയ്യുക. ഇസ്രയേൽ സൈന്യം കരയിലൂടെ ആക്രമണം നടത്തുമെന്ന് മുൻകൂട്ടി കണ്ട ഹമാസ് നേതൃത്വം, ഈ ഭൂഗർഭ തുരങ്കങ്ങളിൽ വ്യാപകമായി മിസൈലുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഭക്ഷണ സാധനങ്ങളും മരുന്നുകളും അടക്കം വൻതോതിൽ സംഭരിച്ചിട്ടുണ്ടെന്നും വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചു മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ആയിരക്കണക്കിന് വരുന്ന ഹമാസ് സായുധ സംഘാംഗങ്ങൾക്ക് മാസങ്ങളോളം ഇസ്രയേലിനെ പ്രതിരോധിച്ചു നിൽക്കാനാകുമെന്ന ഹമാസ് നേതൃത്വത്തിന്റെ ആത്മവിശ്വാസവും അവകാശ വാദത്തിനും ബലമേകുന്നത് ഈ ഘടകങ്ങൾ തന്നെയാണ്.
Most Read| തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്







































