തിരുവനന്തപുരം: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിന്റെ ഉന്നതതല ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ആർഎസ്എസും ബിജെപിയും അക്രമ രാഷ്‌ട്രീയം നടത്തുമ്പോഴും സിപിഎം സംയമനം പാലിക്കുന്നതിനെ ദൗർബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞു. ഹരിദാസന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഹരിദാസ് വധക്കേസിൽ 11 പ്രതികളാണ് ഇതുവരെ പിടിയിലായത്. ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയും ന്യൂമാഹി പെരുമുണ്ടേരി സ്വദേശിയുമായ പ്രജിത് എന്ന മൾട്ടി പ്രജിയാണ് അവസാനമായി പിടിയിലായത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. സിപിഎം പ്രവർത്തകരായ കണ്ണിപ്പൊയിൽ ബാബു, കെപി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികൂടിയാണ് പ്രജിത്. ആർഎസ്എസ് ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രജിത്തിനെ പിടികൂടിയത്.
ഫെബ്രുവരി 21ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മൽസ്യ തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിരുന്നു. രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്‌ത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്ത് മാറ്റി വലിച്ചെറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
Most Read: കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും