തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്‌ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്.
ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം അനുവദിക്കുന്നത്. അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും അടക്കമുള്ള സൂക്ഷ്‌മ ജീവികള്‍ പകർന്നുണ്ടാകുന്ന വിവിധ രോഗ സാദ്ധ്യതകളെ ഇല്ലായ്‌മ ചെയ്യാനാണ് ഭക്ഷണ ശാലകളിൽ ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നത്. സ്ഥാപനങ്ങൾക്ക് ‘ഓവറോൾ ഹൈജീന്‍ റേറ്റിങ്ങും‘ ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ടെന്നും വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ശരിയായ ചെക്കപ്പുകൾ നടത്താതെ, വ്യാജ ഹെൽത്ത് കാർഡ് നല്‍കുന്ന ഡോക്‌ടർമാർക്കും സ്‌ഥാപനങ്ങൾക്കും എതിരെയും വ്യാജ കാർഡ് കൈവശം വെയ്‌ക്കുന്നവർക്ക് എതിരെയും വിട്ടുവീഴ്‌ച്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍ പ്രകാരം മെഡിക്കല്‍ പരിശോധനക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ സൂക്ഷിക്കണ്ടതാണെന്നും മന്ത്രി അറിയിച്ചു.
സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്‌ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇറക്കിയ ഉത്തരവ് നിലവിലുണ്ട്. സ്‌ളിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്‌തമായി നൽകിയിരിക്കണം എന്നാണ് ഈ ഉത്തരവ് പറയുന്നത്.
Most Read: ദിലീപ് കേസിൽ നടപടികൾ നീളുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി