അബുദാബി: സൈബർ സുരക്ഷയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി. ഹെൽത്ത്കെയർ സൈബർ ലേണിങ് പദ്ധതി പ്രകാരമാണ് ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ 58,000 പേർക്ക് പരിശീലനം നൽകാനാണ് തീരുമാനം. കൂടുതൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകുക.
ആരോഗ്യ സംരക്ഷണ പ്രഫഷണലുകളെ ഐടി, സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തി പൊതു അപകട സാധ്യതകളെക്കുറിച്ച് ബോധവാൻമാരാക്കും. രോഗികളുടെ സ്വകാര്യത, ആരോഗ്യ വിവരങ്ങളുടെ സുരക്ഷ എന്നിവയെ കുറിച്ച് ലോകോത്തര മാതൃകയിൽ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതോടെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താം.
രോഗികളുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും നിലനിർത്താനും ജീവനക്കാരെ പ്രാപ്തരാക്കും. നിലവിൽ രോഗികളുടെ വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽ സൂക്ഷിക്കുന്ന പദ്ധതിക്ക് നവംബറിൽ തുടക്കമായിരുന്നു.
Read also: വേനൽച്ചൂട് കടുക്കുന്നു; സംസ്ഥാനത്ത് 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്