കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്. തുടർചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് പോയത്. കാർ മാർഗമാണ് യാത്ര.
മന്ത്രിക്ക് അടിയന്തിര ശസ്‌ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്‌ക്ക് നൽകിവരുന്ന ചികിൽസയുടെ പശ്‌ചാത്തലത്തിലാണ് ബോർഡിന്റെ വിലയിരുത്തൽ.
എംആർഐ റിപ്പോർട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്‌ക്കുകൾ രണ്ടിടങ്ങളിൽ നാഡീമൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് കടുത്തവേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്‌ടർമാർ വ്യക്‌തമാക്കുന്നത്.
അതിനിടെ, പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിൽ ഉണ്ടായിരുന്ന മന്ത്രിക്കൊപ്പം ആരോഗ്യപ്രവർത്തകർ പകർത്തിയ സെൽഫി പൊല്ലാപ്പായി. ഇന്നലെയാണ് ചില ആരോഗ്യ പ്രവർത്തകർ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് വീണാ ജോർജിനൊപ്പം സെൽഫി എടുത്തത്. മന്ത്രിയും ആരോഗ്യ പ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടി.
തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ ഡോക്‌ടർമാരുടെ മൊഴി റെയിൽവേ പോലീസ് രേഖപ്പടുത്തി. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.
സംഭവം നടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. ഇവയിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചില്ലെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് കൂടുതൽ ഊർജിതമായ അന്വേഷണം നടത്താൻ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനിച്ചു.
സംഭവത്തിൽ കോൺഗ്രസും സിപിഎമ്മും തെരുവിലും സൈബറിടത്തിലും പോര് തുടരുകയാണ്. മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത അക്രമം എന്നതാണ് സിപിഎം ഉയർത്തിയ വാദം. എന്നാൽ, കള്ളപ്രചാരണവും കപടനാടകവുമെന്നാണ് കോൺഗ്രസിന്റെ മറുവാദം. അക്രമിച്ചിട്ടുണ്ടെങ്കിൽ ഒരു ദൃശ്യമെങ്കിലും തെളിവ് തരൂ എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ




































