കുവൈറ്റ് : കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ കരാര്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതിയാകും. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. നിലവില്‍ കുവൈറ്റില്‍ തൊഴില്‍ കരാര്‍ പുതുക്കിയിരുന്നത് വര്‍ഷത്തില്‍ ഒരിക്കലാണ്. അതാണ് മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതിലേക്ക് ഇപ്പോള്‍ സിവില്‍ സര്‍വീസ് കമ്മീഷന് മാറ്റിയിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാര്‍ക്കും, നഴ്സുമാര്‍ക്കും, ഫാര്‍മസിസ്റ്റുകള്‍ക്കും ഒപ്പം തന്നെ മെഡിക്കല്‍ സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നത്തിന്റെ കാലാവധി പുനഃക്രമീകരിക്കണം എന്ന് സിവില്‍ സര്‍വീസ് കമ്മീഷനോട് മന്ത്രാലയം നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഒടുവില്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ കരാര്‍ പുതുക്കുന്നതിനുള്ള അനുമതി കമ്മീഷന് നല്‍കിയിരിക്കുകയാണ്. നിലവില്‍ ഉള്ള കരാര്‍ കാലാവധി കഴിഞ്ഞ ശേഷം മൂന്ന് വര്‍ഷത്തേക്ക് ഉള്ളത് പുതുക്കിയാൽ മതിയെന്നാണ് കമ്മീഷന് വ്യക്തമാക്കുന്നത്. ഒപ്പം തന്നെ ഓരോ കരാറുകളും പ്രത്യേകം കമ്മീഷന്റെ പരിഗണനക്ക് അയക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Read also : നടുക്കടലില്‍ രക്ഷകരായി സൗദി അതിര്‍ത്തി സേന; ഇന്ത്യന്‍ നാവികന് പുതുജീവന്‍







































