തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാസർഗോഡ്, തൃശൂർ, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.
കനത്ത മഴയെ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുറ്റ്യാടി ചുരത്തിൽ പത്താം വളവിൽ മണ്ണിടിഞ്ഞു. കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നു. മഴയെ തുടർന്ന് വയനാട് മുണ്ടക്കൈ- ചൂരൽമല മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെ തോട്ടം മേഖലയിലേക്ക് പ്രവേശനം വിലക്കി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ജില്ലകളിലും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 19നും ഓറഞ്ച് അലർട്ടാണ്. ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, സംസ്‌ഥാനത്ത് 20 വരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Most Read| ചരിത്രനിമിഷം; ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി