തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പടെ മിക്ക ജില്ലകളിലും പുലർച്ചെ മുതൽ ശക്തമായ മഴയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട് ആണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട് ആയിരിക്കും.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിങ്ങും നിരോധിച്ചു. അതേസമയം, അന്തർ സംസ്ഥാന യാത്രക്കാർക്ക് രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആർടിസി ബസുകളും സർവീസ് നടത്തും. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പ്രവേശനമുണ്ടാകില്ല.
കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയുമുള്ള രാത്രിയാത്രാ നിരോധനം ഇന്നും തുടരും. അതേസമയം, പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് രണ്ടുപേരെ കാണാതായത്. മീൻ പിടിക്കാൻ പോയ ഗോവിന്ദനെയാണ് (63) പള്ളിക്കൽ ആറ്റിൽ കാണാതായത്. ബിഹാർ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്