അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതിന് ശേഷം മഴക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചില പ്രദേശങ്ങളിൽ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് റോഡുകളും, വാഹനങ്ങളും ഒഴുകി പോയിട്ടുണ്ട്. തുടർന്ന് ഒഴുക്കിൽ പെട്ട ആളുകളെ വ്യോമസേനാ അധികൃതരും നാട്ടുകാരും ചേർന്നാണ് രക്ഷിച്ചത്. കൂടാതെ കനത്ത മഴയെ തുടർന്ന് ഗ്ളോബൽ വില്ലേജും ദുബായ് എക്സ്പോ 2020 ജർമനി പവിലിയനും താൽക്കാലികമായി അടച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുഎഇയിൽ മഴ ശക്തമായത്. മഴ, പൊടിക്കാറ്റ് എന്നിവയെ തുടർന്ന് ദൃശ്യപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ കടൽ പ്രക്ഷുബ്ധമായതിനാൽ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: കോൺഗ്രസ് അനിവാര്യം; ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ മുഖപത്രം






































