തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്‌ത സാഹചര്യത്തിലാണ് അവധി.
ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. അതേസമയം, മുൻ നിശ്‌ചയിച്ച എല്ലാ പരീക്ഷകളും നടക്കുമെന്നും പരീക്ഷാ സമയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ അതിശക്‌തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കും അവധി ബാധകമായിരിക്കും. ജില്ലയിൽ ഇന്നും കനത്ത മഴയാണ് പെയ്യുന്നത്. അതേസമയം, സംസ്‌ഥാനത്ത് ഇന്ന് മുതൽ 20 വരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. രാജസ്‌ഥാന് മുകളിൽ ശക്‌തി കൂടിയ ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ബിഹാറിനും കിഴക്കൻ ഉത്തർപ്രദേശിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്‌ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ തുടരുന്നത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി