കോട്ടയം: ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ. തൊടുപുഴയിൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി, മണിമല, ഇളംകാട്, ഏന്തയാർ മഴ ശക്‌തമാണ്.
ഉച്ചയ്‌ക്ക് ശേഷമാണ് മഴ പെയ്‌ത് തുടങ്ങിയത്. ഇടവിട്ടുള്ള മഴയാണ് ഇവിടെ പെയ്യുന്നത്. ഇന്നലെ കാവാലി അടക്കം ഉരുൾ പൊട്ടലുണ്ടായ ഇടങ്ങളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി മഴ പെയ്‌തെങ്കിലും പിന്നീട് മഴ ശമിച്ചിരുന്നു. നിലവിൽ കോട്ടയത്ത് 45 ക്യാംപുകളിലായി 800 ഓളം കുടുംബങ്ങളും 3000 ഓളം ആളുകളും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.
മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്. കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ പതിനൊന്ന് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയിൽ എട്ട് ഇടത്തും തലനാടിൽ ഏഴ് ഇടത്തുമാണ് അപകട സാധ്യത.
Read Also: സ്വർണ കടത്ത് കേസ്; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ







































