കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്‌തതോടെ മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. കൊയിലാണ്ടി തുറമുഖത്തുനിന്ന് മൽസ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്.
രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മലയോര മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മുക്കം, താമരശേരി മേഖലകളിലും നാശനഷ്‌ടമുണ്ടായി. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളിൽ ഗതാഗത തടസവും ഉണ്ടായി. കോട്ടൂളി കെപി മേനോൻ റോഡിൽ വീടിന് മുകളിൽ തൊട്ടടുത്ത വീട്ടിലെ മതിൽ ഇടിഞ്ഞുവീണു. കടംകുന്നത്ത് വൽസലയുടെ വീടിന് മുകളിലാണ് മതിൽ ഇടിഞ്ഞുവീണത്.
കുറ്റിക്കാട്ടൂരിൽ ബസ് ബേയിൽ വെള്ളം കയറി. ഇടിമിന്നലിൽ ചെക്യാട് രണ്ടുവീടുകളിലെ വയറിങ് കത്തിനശിച്ചു. ചെക്യാട് കോയമ്പ്രം പാലത്തിന് സമീപം നടുത്തെതുണ്ടിയിൽ ശ്രീധരൻ, ശാന്ത എന്നിവരുടെ വീടുകളിലാണ് വയറിങ്ങിൽ പൊട്ടിത്തെറിയുണ്ടായത്. വളയത്ത് മിനി സ്‌റ്റേഡിയത്തിന്റെ മതിൽ തകർന്നു. നഗരത്തിൽ മാവൂർ റോഡിലും മറ്റു പലയിടത്തും വെള്ളക്കെട്ടായതിനാൽ കാൽനട യാത്ര ബുദ്ധിമുട്ടായി.
കോടഞ്ചേരിയിൽ ഉൾവനത്തിൽ ശക്‌തമായ മഴ പെയ്‌തതോടെ ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു.
Most Read| വെടിനിർത്തൽ ആവശ്യപ്പെട്ടത് പാക്കിസ്‌ഥാൻ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയുമായി ചർച്ച ചെയ്യാതെ’