പുതുക്കാട്: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. പ്രധാന സ്‌ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്‌തത് 69 എംഎം മഴയാണ്. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് ഗ്രൗണ്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മൂന്ന് ബൈക്കുകൾ ഒഴുക്കിൽപ്പെട്ടു.
ഒല്ലൂരിനും പുതുക്കാടിനുമിടയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നാല് ട്രെയിനുകൾ പിടിച്ചിട്ടെങ്കിലും മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനഃസ്‌ഥാപിച്ചു.
എറവക്കാട് ഗേറ്റ് കടന്ന ശേഷം ഒല്ലൂർ സ്‌റ്റേഷന് മുമ്പായിട്ടാണ് ട്രാക്കിലേക്ക് ശക്‌തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണത്. ഇതിനിടെ കനത്ത മഴയിൽ ചാലക്കുടി റെയിൽവേ അടിപ്പാതയിൽ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് തൃശൂർ നഗരം വീണ്ടും വെള്ളക്കെട്ടിലായത്.
ജനജീവിതത്തെയും വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. ശക്‌തമായ ഇടിമിന്നലോട് കൂടിയാണ് ജില്ലയിൽ മഴയെത്തിയത്. വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷയാണ് (42) മരിച്ചത്.
അതിനിടെ, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Most Read| ഇറാനിലേക്ക് അവയവക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ