തിരുവനന്തപുരം: ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
കേരള, കര്‍ണാടക തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളാ തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മേല്‍പ്പാലങ്ങളുടെ സമീപം അധിക നേരം ചിലവഴിക്കുകയോ പാലത്തില്‍ കയറി നിന്ന് കാഴ്ച കാണുകയോ ചെയ്യരുത്. രാത്രിസമയങ്ങളില്‍ മലയോര മേഖലയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.







































