പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ശക്‌തമായ കാറ്റും മഴയും കാരണം പല സ്‌ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‌ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങൾക്ക് അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്‌ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.
അതേസമയം, സ്‌കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. നഷ്‌ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കലക്‌ടർ ആവശ്യപ്പെട്ടു.
അതേസമയം, വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത രണ്ടുദിവസം കൂടി മഴ തുടരും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും.
അതേസമയം, ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് കട തകർന്നു. കനത്ത മഴയിൽ മലപ്പുറം കുഴിപ്പുറം ഗവ. യുപി സ്‌കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. എറണാകുളം കാക്കനാട് തേവക്കലിൽ മണ്ണിടിച്ചിലിനെ തുടർന്ന് പത്ത് വീടുകൾ അപകടാവസ്‌ഥയിലാണ്. മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ പതിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതക്ക് സമീപമാണ് മണ്ണിടിഞ്ഞത്.
Most Read| വിസി നിയമനം; സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണം- സുപ്രീം കോടതി