ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 13 പേരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും. 14 പേരാണ് ഹെലികോപ്‌ടറിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്.
നാളത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ മുംബൈയിലെ പരിപാടികൾ റദ്ദാക്കി രാഷ്‌ട്രപതി ഡെൽഹിയിലേക്ക് മടങ്ങി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് റാവത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മകളെ കണ്ടു. നാളെ പാർലമെന്റിൽ വിശദമായ പ്രസ്‌താവന നടത്തുമെന്ന് മന്ത്രി അറിയിച്ചു. അപകടത്തിൽ കര,വ്യോമ സേനകൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഊട്ടിയ്‌ക്ക് സമീപം കുനൂരിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടർ ആണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്‌ടർ തകർന്നുവീഴുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല.
മോശം കാലാവസ്‌ഥ കാരണമാണ് അപകടം ഉണ്ടായതെന്നാണ് കര,വ്യോമ സേനകൾ പ്രതിരോധ മന്ത്രിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
Also Read: മംഗളൂരുവിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം