ബെയ്‌റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്‌താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം. മധ്യ ബെയ്‌റൂട്ടിൽ ഇന്ന് നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഹിസ്ബുല്ലയുടെ മാദ്ധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്.
സിറിയൻ ബാത്ത് പാർട്ടിയുടെ ലബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം. അഫീഫിന്റെ വിയോഗത്തിൽ മാദ്ധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ വാർത്താ സമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് അഫീഫായിരുന്നു.
സെപ്‌തംബർ അവസാനം ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷം സായുധ സംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിൽ ഉണ്ടായിരുന്നില്ല.
സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. സംഭവത്തെ കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രയേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്‌ഥരോട് സംസാരിച്ചതായും അടിയന്തിര നടപടികളെടുക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം എക്‌സിൽ കുറിച്ചു. സ്‍ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്‌തമല്ല.
Most Read| മണിപ്പൂർ കലാപം; ബിജെപിക്ക് കനത്ത തിരിച്ചടി- പിന്തുണ പിൻവലിച്ച് എൻപിപി