കൊച്ചി: പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജി വിധിപറയാനായി മാറ്റി. വെള്ളിയാഴ്ച ഹൈക്കോടതി ഹരജി പരിഗണിക്കും.
വെള്ളിയാഴ്ചക്കകം കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസിൽ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനും ആയ ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്.
അതേസമയം മരംമുറിച്ചു കടത്തിയതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ സാവകാശം വേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ പറയുന്നത്.
കൂടാതെ മരംമുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റക്കാരുടെ ബാങ്ക് രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ വീഴ്ച ഉണ്ടാകില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
Most Read: കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍







































