സുഗന്ധഗിരി മരംമുറി; 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തി- റിപ്പോർട് പുറത്ത്

വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാനാണ് അനുമതി നൽകിയത്. ഇതിന്റെ മറവിൽ 107 മരങ്ങളാണ് മുറിച്ച് കടത്തിയത്. ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തിയെന്നുമാണ് ഡോ. എൽ ചന്ദ്രശേഖർ ഐഎഫ്എസിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.

By Trainee Reporter, Malabar News
wood smuggling-controversary
Representational image
Ajwa Travels

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ ഐഎഫ്എസിന്റെ റിപ്പോർട് പുറത്ത്. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്നും, ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തിയെന്നുമാണ് ഡോ. എൽ ചന്ദ്രശേഖർ ഐഎഫ്എസിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.

ഫോറസ്‌റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസ് ചുമതലയാണ് ചന്ദ്രശേഖറിനുള്ളത്. വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാനാണ് അനുമതി നൽകിയത്. ഇതിന്റെ മറവിൽ 107 മരങ്ങളാണ് മുറിച്ച് കടത്തിയത്. ഗുരുദാസൻ എന്നയാൾ കരാർ ലംഘനം നടത്തി. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടുപോയി. ഇതിനായി ഉദ്യോഗസ്‌ഥർ അനധികൃതമായി പാസും നൽകി.

പാസിൽ സർക്കാർ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്‌ന ഫീൽഡ് പരിശോധന നടത്തിയില്ല.റേഞ്ച് ഓഫീസർ നീതു ഗുരുതര കൃത്യവിലോപം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അനധികൃത മരംമുറി കണ്ടെത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു. നഷ്‌ടപ്പെട്ട വാഹനവും ഇനിയും കണ്ടെത്താനുണ്ട്. ഫോറസ്‌റ്റ് വാച്ചർ ജോൺസൺ, സെക്ഷൻ ഫോറസ്‌റ്റ് കെകെ ചന്ദ്രൻ എന്നിവർ മരം മുറിച്ചു കടത്തുന്നതിന് ആസൂത്രണം നടത്തിയവരാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

സെക്ഷനിലെ ജീവനക്കാർ മൊത്തം തട്ടിപ്പിന് കൂട്ടുനിന്നു. ഡിഎഫ്ഒ ഷജ്‌ന കേസെടുത്ത ശേഷവും വിഷയം ഗൗരവത്തിലെടുത്തില്ല. ഡിഎഫ്ഒയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ മേൽനോട്ട വീഴ്‌ച ഉണ്ടായി. ഡിഎഫ്ഒയോട് എത്രയുംപെട്ടെന്ന് വിശദീകരണം ചോദിച്ച് നടപടി എടുക്കണമെന്നും പ്രതിചേർത്ത കൈവശക്കാരെ സാക്ഷികളാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ജോൺസണെതിരെയും ചന്ദ്രനെതിരെയും വിജിലൻസ് അന്വേഷണം വേണം. ഡിഎഫ്ഒ ഷജ്‌ന, റേഞ്ച് ഓഫീസർ നീതു എന്നിവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്‌ചയാണ് ചന്ദ്രശേഖർ റിപ്പോർട് സമർപ്പിച്ചത്. കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീമിനെ സസ്‌പെൻഡ് ചെയ്‌ത നടപടി മരവിപ്പിച്ചിരുന്നു. നടപടി ഉണ്ടായി 24 മണിക്കൂർ തികയും മുമ്പാണ് ഉത്തരവ് പിൻവലിക്കാൻ വനംമന്ത്രി ശശീന്ദ്രൻ നിർദ്ദേശം നൽകിയത്.

വിശദീകരണം തേടിയിട്ട് നടപടി മതിയെന്നാണ് വനംമന്ത്രിയുടെ നിർദ്ദേശം. ഇതോടെ, ഷജ്‌നക്കൊപ്പം സസ്‌പെൻഷൻ നേരിടേണ്ടി വന്ന കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവർക്ക് എതിരെയുള്ള നടപടികളും മരവിക്കപ്പെട്ടു. നേരത്തെ, സസ്‌പെൻഡ് ചെയ്യപ്പെട്ട കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെതിരെയുള്ള നടപടി അതേപടി തുടരും.

Most Read| ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE