ന്യൂഡെൽഹി: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കിൽ വൈറസിനെ നിസാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വികെ പോൾ മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഗുരുതരമായ വിഷയമാണിത്. വൈറസിനെ നിസാരമായി കാണരുതെന്നും കോവിഡ് മുക്തിയിലേക്ക് എത്തിച്ചേരണമെങ്കിൽ വൈറസിനെ നേരിടാൻ ഉതകുന്ന പെരുമാറ്റം നമ്മൾ പിന്തുടരേണ്ടതുണ്ടെന്നുമാണ് മഹാരാഷ്ട്രയിലെ സ്ഥിതി നമ്മെ പഠിപ്പിക്കുന്നതെന്നും വികെ പോൾ വ്യക്തമാക്കി.
വലിയ തോതിൽ ആളുകൾ കൂട്ടം കൂടിയതും കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച വൈറസുമായി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ബന്ധമില്ല. പുതിയ കേസുകൾ ക്രമാതീതമായി ഉയർന്നതോടെ നാഗ്പൂരിൽ മാർച്ച് 15 മുതൽ 21 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോവിഡ് കണക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം രംഗത്തെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന ആദ്യ പത്ത് നഗരങ്ങളിൽ എട്ടും മഹാരാഷ്ട്രയിലാണ്. പൂനെ, നാഗ്പൂർ, താനെ, മുംബൈ, അമരാവതി, ജൽഗാവ്, നാസിക്, ഔറംഗാബാദ് എന്നീ നഗരങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. വ്യാഴാഴ്ച 13,659 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ റിപ്പോർട് ചെയ്ത കേസുകളുടെ 60 ശതമാനമാണിത്.
Read also: തിരഞ്ഞെടുപ്പ് വിജ്ഞാപനം; സംസ്ഥാനത്ത് ഇന്ന്, നാമനിർദേശ പത്രിക 19 വരെ നൽകാം







































