മുംബൈ: വീണ്ടും കോവിഡ് ആശങ്കയിൽ രാജ്യം. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് നിരക്ക് ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങവെയാണ് വീണ്ടും രോഗവ്യാപന ഭീഷണി ചർച്ചയാകുന്നത്.
അതേസമയം മഹാമാരിയുടെ നാലാം തരംഗ സാഹചര്യം ഇല്ലെന്നാണ് മഹാരാഷ്‍ട്ര സർക്കാരിന്റെ വിശദീകരണം.
നിലവിൽ മഹാരാഷ്‍ട്ര യിൽ പ്രതിദിനം 125- 150 കേസുകളാണ് റിപ്പോർട് ചെയ്യുന്നത്. ഇത് മുംബൈ, താനെ, പൂനെ, നാസിക് തുടങ്ങിയ ജില്ലകളിൽ മാത്രമാണെന്നും നാലാം തരംഗമായി കാണാനാകില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.
പോയവാരം നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തിൽ പഞ്ചാബ്, ഡെൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കേസുകൾ കൂടുന്നത് അവലോകനം ചെയ്‌തിരുന്നു. രോഗവ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് യോഗം വിലയിരുത്തിയതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.
സംസ്‌ഥാനത്ത് ദൈനംദിന കേസുകൾ സൂക്ഷ്‍മ നിരീക്ഷണത്തിലാണെന്നും രോഗം വർധിക്കുന്നത് തുടരുകയാണെങ്കിൽ ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച 221 കോവിഡ് കേസുകളും ഒരു മരണം രേഖപ്പെടുത്തിയിരുന്നു. മുംബൈയിലാണ് കൂടുതൽ കേസുകളും മരണവും റിപ്പോർട് ചെയ്‌തത്.
Most Read: തന്നെ പുറത്താക്കാൻ സുധാകരന് അധികാരമില്ലെന്ന് കെവി തോമസ്