ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
രണ്ടു കേസുകളും ബെംഗളൂരുവിലാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. മൂന്നുമാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയെന്നാണ് സ്‌ഥിരീകരിക്കാത്ത റിപ്പോർട്. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്‌എംപിവി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
നേരത്തെ, രാജ്യത്ത് ആദ്യ എച്ച്‌എംപിവി കേസ് ബെംഗളൂരുവിൽ സ്‌ഥിരീകരിച്ചതായി കർണാടക സർക്കാരും അറിയിച്ചിരുന്നു. നിലവിൽ ബാപ്‌റ്റിസ്‌റ്റ് ആശുപത്രിയിലാണ് എട്ടുവയസുകാരി ചികിൽസയിലുള്ളത്. അതേസമയം, കുട്ടികളുടെ രോഗ ഉറവിടം എവിടെ നിന്നെന്ന് വ്യക്‌തമല്ല. കുട്ടികൾക്ക് വിദേശയാത്രാ പശ്‌ചാത്തലം ഇല്ലെന്നാണ് വിവരം.
അതേസമയം, ചൈനയിൽ വ്യാപകമായ എച്ച്‌എംപിവിയുടെ അതേ വിഭാഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്ന് വ്യക്‌തമായിട്ടില്ല. എച്ച്‌എംപിവി ഇന്ത്യയിൽ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗനിർദ്ദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.
വൈറസിനെ നേരിടാൻ ഇന്ത്യ സജ്‌ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പ് കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം.
പനിയോ ചുമയോ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴുകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 2011 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട് ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്ര വ്യാപകമായി പടർന്നുപിടിച്ചിട്ടില്ല.
എച്ച്‌എംപിവി വൈറസിന് നിലവിൽ പ്രത്യേക മരുന്നോ വാക്‌സിനോ ലോകത്ത് ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിൽസ മാത്രമാണ് നൽകുക. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണകാരണമാകാം. ചൈനയിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇതുവരെ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക