ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ

കഴിഞ്ഞ നാലര വർഷത്തിനിടയിൽ സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്യപ്പെട്ടത് 2931 വീട്ടു പ്രസവങ്ങളാണെന്നാണ് കണക്ക്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ശാസ്‌ത്രലോകം മുമ്പെങ്ങുമില്ലാത്ത വിധം വളർന്നിട്ടും ശാസ്‌ത്ര അവബോധം സമൂഹത്തിനിടയിലേക്ക് എത്തിക്കുന്നതിൽ സർക്കാരും ബന്ധപ്പെട്ട അധികൃതരും പരാജയപ്പെട്ടുവെന്നാണ് ഈ കണക്കിലൂടെ നാം മനസിലാക്കേണ്ടത്.

By Senior Reporter, Malabar News
Home Birth
Rep. Image
Ajwa Travels

കേരളത്തിലെ പല ജില്ലകളിലും വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്‌ത്രം ഇത്രകണ്ട് വളർന്നിട്ടും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന സങ്കീർണതകളും അമ്മയ്‌ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും നാം അറിയാതെ പോവുകയാണ്.

കഴിഞ്ഞ നാലര വർഷത്തിനിടയിൽ സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്യപ്പെട്ടത് 2931 വീട്ടു പ്രസവങ്ങളാണെന്നാണ് കണക്ക്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ശാസ്‌ത്രലോകം മുമ്പെങ്ങുമില്ലാത്ത വിധം വളർന്നിട്ടും ശാസ്‌ത്ര അവബോധം സമൂഹത്തിനിടയിലേക്ക് എത്തിക്കുന്നതിൽ സർക്കാരും ബന്ധപ്പെട്ട അധികൃതരും പരാജയപ്പെട്ടുവെന്നാണ് ഈ കണക്കിലൂടെ നാം മനസിലാക്കേണ്ടത്.

ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ നടന്നതെന്ന് ഏറെ ആശങ്കയുയർത്തുന്നു. 1337 കേസുകളാണ് ജില്ലയിൽ റിപ്പോർട് ചെയ്‌തത്‌. ഏറ്റവും കുറവ് കോട്ടയത്താണ്. 42 എണ്ണം. അമ്മയ്‌ക്കും കുഞ്ഞിനും ഒരുപോലെ അപകടമാണെന്ന തരത്തിൽ സംസ്‌ഥാന ആരോഗ്യവകുപ്പ് തദ്ദേശ വകുപ്പിന്റെ സഹായത്തോടെ ശക്‌തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ബോധവൽക്കരണം കാര്യമായി ഏശുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മലപ്പുറത്ത് രഹസ്യ കേന്ദ്രങ്ങളിൽ ഉൾപ്പടെ പ്രസവം

വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് മുതലെടുത്ത് മലപ്പുറത്ത് വീടുകളും ആരോഗ്യ കേന്ദ്രങ്ങളും അല്ലാത്ത രഹസ്യ കേന്ദ്രങ്ങളിലും പ്രസവങ്ങൾ നടക്കുന്നുണ്ട്. ജില്ലയിലെ താനാളൂർ, വളവന്നൂർ, ചെറിയമുണ്ടം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് കഴിഞ്ഞവർഷം പോലീസ്, വിജിലൻസ് അന്വേഷണങ്ങൾ നടന്നിരുന്നു.

കൂടാതെ, ഇത്തരം പ്രസവങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി താനൂർ സ്വദേശി കൂടിയായ ആരോഗ്യപ്രവർത്തക ഡോ. കെ പ്രതിഭ സർക്കാരിന് കത്ത് നൽകുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്‌ടറോട് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഈ അന്വേഷണത്തിൽ ഉണ്ടായില്ലെന്ന് തന്നെ പറയാം.

home birth
Rep. Image

കണക്കുകൾ ഇങ്ങനെ

വിവരാവകാശ പ്രവർത്തകനായ ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിംഗിന്‌ വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് കൈമാറിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ അടങ്ങിയിട്ടുള്ളത്. കഴിഞ്ഞ നാലര വർഷത്തിനിടെ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത് 2931 കേസുകളാണ്.

മലപ്പുറം-1337

വയനാട്- 183

ഇടുക്കി- 200

പാലക്കാട്- 172

തിരുവനന്തപുരം- 132

എറണാകുളം- 119

കോഴിക്കോട്- 104

മുൻ വർഷങ്ങളിലെ കണക്ക്

2019-20- (467 പ്രസവം)

2020-21- (576)

2021-22- (586)

2022-23- (579)

2023-24- (523)

ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള ആറുമാസത്തിൽ മാത്രം സംസ്‌ഥാനത്ത്‌ ഉണ്ടായത് 200 വീട്ടുപ്രസവങ്ങളാണ്. ഇതിൽ കൂടുതൽ മലപ്പുറത്താണ്. കുറവ് പത്തനംതിട്ടയിലും.

കഴിഞ്ഞ ആറുമാസത്തിലെ കണക്കുകൾ ഇങ്ങനെ

മലപ്പുറം- 93

വയനാട്- 15

എറണാകുളം- 14

കണ്ണൂർ, ഇടുക്കി- 12

കോഴിക്കോട്- 11

പത്തനംതിട്ട- 3

home birth risk
Rep. Image (Pic: The New Yorker)

വീട്ടിലെ പ്രസവം- സങ്കീർണതകൾ

പ്രസവസമയത്ത് എപ്പോൾ വേണമെങ്കിലും ഏത് തരത്തിലുമുള്ള സങ്കീർണതകളും ഉണ്ടാകാം. അത് മുൻകൂട്ടി പറയാൻ സാധിക്കില്ല. വീട്ടിൽ വെച്ചാകുമ്പോൾ ഇതിന്റെ വ്യാപ്‌തി വർധിക്കും. അമിതമായ രക്‌തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, വിചാരിക്കുന്നതിലും കൂടുതൽ സമയം നീണ്ടുപോകുന്നതും അമിത രക്‌തസ്രാവം മൂലം അമ്മയും കുഞ്ഞും അപകടത്തിലാകുന്നതും സങ്കീർണതകളാണ്.

എന്നാൽ, ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ നൈപുണ്യം നേടിയവരും ഉണ്ടെങ്കിൽ മാത്രമേ അമ്മയ്‌ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാൻ സാധിക്കുകയുള്ളൂ. വീട്ടിൽ പ്രസവിക്കുന്ന ഒരു സ്‌ത്രീക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷയും കിട്ടില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണ്.

തികച്ചും അപ്രതീക്ഷിതമായിട്ടാവും രക്‌തസ്രാവം തുടങ്ങുന്നത്. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അമ്മയുടെ രക്‌തമെല്ലാം വാർന്നൊഴുകി ജീവന് തന്നെ അപകടം സംഭവിക്കാം. പ്രസവ വേദന തുടങ്ങിയാൽ, കുഞ്ഞിന്റെ ഹൃദയമിടിപ്പിന് പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്‌തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം വരെ സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിക്കാനും ഉടനടി പരിഹാരം നിർദ്ദേശിക്കാനും ഈ ശാസ്‌ത്രം അറിയുന്നവരും അതിനുവേണ്ട ഉപകരണങ്ങളും കൂടെത്തന്നെയുണ്ടാകണം.

Home-Birth
Rep. Image (Pic By: Mama Natural)

വീട്ടിലെ പ്രസവം ഒരു ‘ഫാഷൻ തരംഗം’

വീടുകളിൽ പ്രസവിക്കുക എന്നത് ഒരു ‘ഫാഷൻ തരംഗം’ ആകുമോ എന്നാണ് ഇന്ന് ആരോഗ്യപ്രവർത്തകരുടെ ഭയം. യുട്യൂബ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളും ഇതിന് ഒരുപരിധി വരെ കാരണമാണ്. ലൈവ് ആയി പ്രസവ രീതികൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ കണ്ടുവരുന്നുണ്ട്. ഇത് അനുകരിക്കുന്നവരും ഏറെയാണ്. എന്നാൽ, ഇത്തരത്തിലുള്ള രീതികളുടെ വസ്‌തുത മനസിലാക്കാതെ പ്രവർത്തിക്കുകയാണെങ്കിൽ ജീവന് തന്നെ ഭീഷണിയാണെന്ന് മനസിലാക്കുക.

വികസിത രാജ്യങ്ങളിൽ വീട്ടിലെ പ്രസവം എന്നത് സർവസാധാരണയാണ്. കൃത്യമായ പരിശീലനവും പരിജ്‌ഞാനവും ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് അവിടെ പ്രസവങ്ങൾ നടക്കുന്നത്. എന്നാൽ, നമ്മുടെ സംസ്‌ഥാനത്ത്‌ അത്തരം ഒരു രീതി നിലവിൽ വന്നിട്ടില്ല.

വികസിത രാജ്യങ്ങളിൽ പ്രസവ വേദന തുടങ്ങി എന്ന് അറിയിക്കുമ്പോൾ തന്നെ ആരോഗ്യ പ്രവർത്തകർ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് വീട്ടിൽ എത്തുന്നത്. എന്തെങ്കിലും തരത്തിലുള്ള സങ്കീർണതകൾ ഉണ്ടായാലും ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ അവിടെ നിലവിലുണ്ട്. അതുകൊണ്ട് ആ നാട്ടിലെ സാഹചര്യവുമായി കേരളത്തെ താരതമ്യം ചെയ്യാൻ നമുക്ക് സാധിക്കില്ല.

Kauthukam| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE