ലണ്ടൻ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന് ലോകരാജ്യങ്ങൾ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിൽ, ഇന്ത്യയുൾപ്പടെ 40ലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‌ഞർ പങ്കെടുത്തു.
വെർച്വലായി നടന്ന യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പങ്കെടുത്തതായി കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചു. ഹോർമുസ് അടച്ചിട്ട ഇറാന്റെ നടപടികൾ ആഗോള സമ്പദ്‌വ്യവസ്‌ഥയെ ബന്ദിയാക്കിയെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി. അതേസമയം, യുഎസ് യോഗത്തിൽ പങ്കെടുത്തില്ല. ഹോർമുസ് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ ചുമതലയല്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു.
ഇറാൻ യുദ്ധത്തിൽ തങ്ങളെ പിന്തുണയ്‌ക്കാത്തത് യൂറോപ്യൻ സഖ്യകക്ഷികളെ ട്രംപ് വിമർശിക്കുകയും നാറ്റോയിൽ നിന്ന് യുഎസ് പിൻമാറുമെന്ന ഭീഷണി വീണ്ടും ഉയർത്തുകയും ചെയ്‌തിരുന്നു. ഹോർമുസ് വീണ്ടും തുറക്കുന്നതിന് സൈനിക മാർഗങ്ങളേക്കാൾ രാഷ്‌ട്രീയ, നയതന്ത്ര മാർഗങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നാണ് ബ്രിട്ടന്റെ നിലപാട്.
എണ്ണ, ഭക്ഷ്യവസ്‌തുക്കളുടെ വിലയിലുണ്ടായ വർധനവ് ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വ്യവസായങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. നാൽപ്പതിലധികം രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ, കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള നയതന്ത്രപരവും ആഗോള തലത്തിലുള്ളതുമായ ആസൂത്രണ നടപടികൾ ചർച്ച ചെയ്‌തതായും യുദ്ധത്തിൽ കുടുങ്ങിയ 2000 കപ്പലുകളിലെ 20,000 നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്‌തതായും കൂപ്പർ പറഞ്ഞു.
അതിനിടെ, യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന അവകാശവാദവുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ നാവികസേന ഇല്ലാതായി. അവരുടെ വ്യോമസേന തകർന്ന് തരിപ്പണമായി. അവരുടെ ഒട്ടുമിക്ക എല്ലാ നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ അമേരിക്കയ്‌ക്ക് ആവശ്യമില്ല. ഹോർമുസ് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം. ഇറാൻ ഹോർമുസ് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വെനസ്വേല ഉള്ളതിനാൽ ഇനി പശ്‌ചിമേഷ്യയിൽ നിന്ന് എണ്ണ വേണ്ടെന്നാണ് യുഎസിന്റെ നിലപാട്.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































