പാലക്കാട്: കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽ റഫീഖ് (31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര വില്ലേജിൽ എൻവി വീട്ടിൽ അജ്‌മൽ (21), കൂട്ടാലിട പാറച്ചിലിൽ വീട്ടിൽ അജിത് (20), മുതുവല്ലൂർ പാറക്കുളങ്ങര വീട്ടിൽ ജിൽഷാദ് (28) എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതി മലപ്പുറം പുളിക്കൽ കിഴക്കയിൽ വീട്ടിൽ അജിത് (20) നേരത്തെ അറസ്‌റ്റിലായിട്ടുണ്ട്. ഒക്‌ടോബർ 23ന് പുലർച്ചെയായിരുന്നു മോഷണം നടത്തിയത്. കുറുമാലിക്ക് സമീപത്തെ ഹോട്ടൽ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലധികം രൂപയും സ്‌കൂട്ടറും മോഷ്‌ടിക്കുകയായിരുന്നു. കടയിലെ സിസിടിവി പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, പ്രതികൾ കോഴിക്കോട്-വയനാട് പാതയിൽ കരടിപ്പാറ എന്ന സ്‌ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗം പുറത്തറിയാതിരിക്കാനാണ് പ്രതികൾ മലമുകളിൽ ഷെഡ് കെട്ടി താമസിച്ചത്. പോലിസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചിരുന്ന പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.
Most Read: 1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്





































