കണ്ണൂർ: വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വ്യാപകമായി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ എക്സൈസ് പിടികൂടി. മണ്ണംകുണ്ടിലെ മറ്റത്തിനാനിക്കൽ ചാണ്ടി എന്ന അലക്സാണ്ടറെ (42) ആണ് എക്സൈസ് സംഘം പിടികൂടിയത്. വാറ്റ് സംഘത്തിലെ മറ്റൊരാളായ നടുവിൽ സ്വദേശി കഴക്കനടയിൽ കെ ആർ രാജേഷ് (39) ഓടി രക്ഷപെട്ടു. വീട് കേന്ദ്രീകരിച്ച് നിർമിച്ച 1140 ലിറ്റർ വാഷ്, 15 ലിറ്റർ ചാരായം എന്നിവ പ്രതിയിൽ നിന്ന് എക്സൈസ് കണ്ടെടുത്തു.
സംഭവത്തിൽ രണ്ട് യുവാക്കൾക്കുമെതിരെ ആലക്കോട് എക്സൈസ് അബ്കാരി കേസെടുത്തു. ഇരുവരും ചേർന്ന് വാറ്റ് നിർമിച്ച് നടുവിൽ മേഖലയിൽ വ്യാപകമായി വിതരണം ചെയ്യാറുണ്ടെന്ന് അധികൃതർ പറഞ്ഞു. നടുവിൽ, മണ്ടളം, പുലിക്കുരുമ്പ, നരിയമ്മാവ്, മണ്ണംകുണ്ട് പ്രദേശങ്ങളിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടിഎച്ച് ഷെഫീഖിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
Read Also: ന്യൂനപക്ഷ സ്കോളർഷിപ്പ്; ആശങ്ക വേണ്ടെന്ന് ജോസ് കെ മാണി






































