കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മലപ്പുറം മുൻ എസ്‌പി, ഡിവൈഎസ്‌പി അടക്കമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശപ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പോലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. എസ്‌പി സുജിത് ദാസ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. ഈ ഉത്തരവാണ് ചീഫ് ജസ്‌റ്റിസ് നിതിൻ മധുകർ ജംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
മലപ്പുറം മുൻ പോലീസ് മേധാവി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്‌പി വിവി ബെന്നി, പൊന്നാനി ഇൻസ്‌പെക്‌ടറായിരുന്ന വിനോദ് വലിയാറ്റൂർ എന്നിവരുടെ പേരിലായിരുന്നു പൊന്നാനി സ്വദേശിനിയായ യുവതി പീഡന ആരോപണം ഉന്നയിച്ചത്.
വീട്ടമ്മയുടെ പരാതി അടിസ്‌ഥാന രഹിതമാണെന്നത് സംബന്ധിച്ച റിപ്പോർട് പോലീസ് നേരത്തെ ഹൈക്കോടതിയിൽ നൽകിയിരുന്നു. പീഡനം നടന്ന സ്‌ഥലം, സമയമടക്കമുള്ള കാര്യങ്ങളിൽ വീട്ടമ്മ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു റിപ്പോർട്. എന്നാൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പോലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.
ഇതിനെതിരെയാണ് ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്‌ടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹരജിയിലാണ് കോടതി വിധി. 2022 ഒക്‌ടോബറിൽ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്‌റ്റേഷനിൽ വീട്ടമ്മ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ വീട്ടിലെത്തിയ ഇൻസ്‌പെക്‌ടർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.
ഇതുസംബന്ധിച്ച് പരാതി നൽകിയപ്പോൾ അന്നത്തെ തിരൂർ ഡിവൈഎസ്‌പി സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നും ഏതാനും ദിവസങ്ങൾക്ക് ശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവർക്കുമെതിരെ പരാതി നൽകാൻ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നും ഇവർ ആരോപിച്ചു. സുജിത് ദാസിനെതിരെ രംഗത്തുവരാൻ ധൈര്യം പകർന്നത് പിവി അൻവർ എംഎൽഎയാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’