കോഴിക്കോട്: കെ.ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടിന് പിഴ ചുമത്തി കോഴിക്കോട് കോർപറേഷൻ. 1,38,590 രൂപ പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ എംഎൽഎക്ക് നോട്ടീസ് അയച്ചു. വീടിന്റെ നിർമാണം പൂർത്തിയായ 2016 മുതലുള്ള വർഷം കണക്കാക്കിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ വർഷങ്ങളിലെ ആകെ പിഴത്തുകയാണ് 1,38,590 രൂപ.
Also Read: വീട് നിർമാണ ക്രമക്കേട്; കെ.എം ഷാജിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഇ.ഡി ഓഫീസിൽ
എംഎൽഎയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട് വെള്ളിമാട് കുന്നിലെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോർപറേഷൻ നേരത്തെ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാം നിലയും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്‌ഥർ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്‌തമാണ്. നഗരസഭാ ടൗൺ പ്ളാനിങ് വിഭാഗം ഉദ്യോഗസ്‌ഥൻ എംഎം ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനാ റിപ്പോർട്ട് തയാറാക്കിയത്. ഇത് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറുകയും ചെയ്‌തിരുന്നു.