തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച വരെ വിവിധ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതുപ്രകാരം വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 11ആം തീയതി തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് ഓറഞ്ച് അലർട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്താം തീയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും 11ആം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് പ്രവചനം.
മഴക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരയിലും അണക്കെട്ടുകളുടെ കീഴ്‌പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്